ഒന്നും അറിയാതെ ലക്ഷ്‌മി ചോദിച്ചു മകൾ എവിടെ?

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (14:31 IST)
കാറപടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അതേസമയം, ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടനില തരണംചെയ‌്ത ശേഷം മാത്രമേ ബാലഭാസ്‌ക്കറിന്റെ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും. അതേസമയം, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ ശുഭവാര്‍ത്ത.
 
തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റ ബാലഭാസ്‌കർ ഇപ്പോൾ വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ‌്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ‌് ബാലഭാസ‌്കർ‍. കാലുകള്‍ക്ക‌ും ശസ‌്ത്രക്രിയ ആവശ്യമുണ്ട‌്. തലച്ചോറിലെ ക്ഷതം മരുന്ന‌ുകളിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ‌്തിവിശ്വാസത്തിലാണ‌് മെഡിക്കല്‍ സംഘം.
 
ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിക്ക് ഇടയ്ക്ക് ബോധം വന്നപ്പോള്‍ മകളെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബാലഭാസ‌്കറിന്റെയും ലക്ഷ‌്മിയുടെയും ഏക മകള്‍ തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന‌ുശേഷം എംബാം ചെയ‌്ത‌് അനന്തപുരിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ‌്. ബാലഭാസ‌്കറിനെയും ഭാര്യയെയും കുട്ടിയെ കാണിച്ചശേഷം സംസ‌്കാരം നടത്താമെന്നാണ‌് ബന്ധുക്കളുടെ നിലവിലെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍