പട്ടാപ്പകല്‍ പതിനാലുകാരന്റെ പരസ്യ കഞ്ചാവ് വില്പന; ഞെട്ടിത്തരിച്ച് നാട്ടുകാര്‍

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (11:37 IST)
വഴിയില്‍ കാണുന്നവരോടെല്ലാം കഞ്ചാവ് വേണോ എന്ന് ചോദിച്ച് 14 വയസ്സുകാരന്റെ പരസ്യ കഞ്ചാവ് വില്പന.സംഭവത്തില്‍ നാട്ടുകാരും എക്‌സൈസു ഇടപെട്ടതിനെത്തുടര്‍ന്ന് യഥാര്‍ഥ വില്പനക്കാരന്‍ പിടിയിലായി.പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ക്ക് സമീപമാണ് സംഭവം നടന്നത്.

പത്തനംതിട്ടക്കാ‍രനായ 14 വയസ്സുള്ള കുട്ടി പരസ്യമായി കഞ്ചാവ് വേണോ എന്ന് ചോദിച്ച് ആളുകളെ സമീപിക്കുകയായിരുന്നു. കുട്ടി കഞ്ചാവ് വേണോ എന്ന് ചോദിക്കുന്നത് കേട്ട് പന്തികേട് തോന്നിയ ഒരാള്‍ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഞ്ചാവ് വില്കാനായി ഏല്പിച്ചത് ആരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ വില്പനക്കാരനെ കുട്ടി കാണിച്ചു കൊടുക്കുകയായിരുന്നു.

ചെന്നീര്‍ക്കര സ്വദേശി സോമന്‍(39) ആണ് അറസ്റ്റിലായത്. എന്നാല്‍ ഇയാ‍ളുടെ കൂട്ടാളി റാന്നി സ്വദേശി ഷിജു  ഓടി രക്ഷപ്പെട്ടു.സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കാതെയാണ് കുട്ടി  വില്പനയ്ക്കിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ചില കേസുകളില്‍ പ്രതിയായ ബാലനെ സോമനും ഷിജുവും കഞ്ചാവുവില്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും. ഇവരില്‍ നിന്നും പത്ത് പൊതികളിലായി ഒരു കിലോയോളം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.