കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ആതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്‌റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല നീക്കം ആരംഭിച്ചു. പരാതി കൊടുക്കാന്‍ നേതൃത്വം നല്‍കിയ ആറ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് നടപടി. പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കൊണ്ടുവന്ന പ്രമേയം സര്‍വകലാശാല അംഗീകരിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ ചീഫ് ജസ്‌റ്റീസിനെ അപമാനിച്ചുവെന്നുവെന്ന് കാട്ടിയാണ് നടപടി. ജസ്‌റ്റിസിന് കൊടുത്ത പരാതിയില്‍ ചില വിദ്യാര്‍ഥിനികളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വെപ്പിച്ചു എന്ന പരാതിയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പെണ്‍കുട്ടികള്‍ കാമ്പസില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് എം എസ് എഫ് പ്രമേയം കൊണ്ടുവന്നതും വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും.
കാമ്പസില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നും അന്യര്‍ കാമ്പസില്‍ പ്രവേശിക്കുന്നതായും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്നു ലൈംഗിക ചുവയുള്ള കമന്റുകളും അശ്ലീല പ്രവര്‍ത്തികളും നേരിടേണ്ടിവരുന്നുവെന്ന് കാട്ടിയാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളി 600ഓളം കുട്ടികള്‍ ഒപ്പിട്ട പരാതി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നല്‍കിയത്.
കാമ്പസിനുള്ളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 80 ശതമാനത്തോളം പെണ്‍കുട്ടികളാണെങ്കിലും ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണെന്ന് പെണ്‍കുട്ടികള്‍ അവരുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹോസ്‌റ്റലിനുള്ളില്‍ പോലും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടാന്‍ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെയാണ് എംഎസ്എഫും സര്‍വകലാശാലയും രംഗത്തെത്തിയത്.