ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷം കഠിന തടവാകും. അതിക്രമങ്ങള്‍ക്ക് കുറഞ്ഞ ശിക്ഷ ആറുമാസം തടവാണ്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപത്തിനു മൂന്ന് മാസം തടവും പിഴയും ശിക്ഷ ലഭിക്കും. ആശുപത്രിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വിപണിവിലയുടെ ആറിരട്ടി വരെ പിഴ ഈടാക്കും.