കടപ്പുറത്തെ മൃതദേഹം: സഹോദരന്‍ പിടിയില്‍

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (20:17 IST)
പൂവാര്‍ പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുല്ലൂര്‍ നെല്ലിക്കുന്ന് തുണ്ടം ക്ഷേത്രത്തിനടുത്ത് ഇലഞ്ഞിക്കല്‍ വീട്ടില്‍ ഷാജി എന്ന 34 കാരന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഷാജിയുടെ സഹോദരന്‍ സതീഷ് എന്ന 37 കാരനെ പൊലീസ് പിടികൂടി.
 
കോട്ടപ്പുറം സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന്‍ ഷാജിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കടലില്‍ തള്ളിയതായി സതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് ഷാജിയുടെ പിതാവ് രത്നസ്വാമി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഷാജിയാണ് കൊലചെയ്യപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഷര്‍ട്ടും പാന്‍റ്‍സും കണ്ടശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹവും രത്നസ്വാമി തിരിച്ചറിഞ്ഞു. 
 
 
പതിമൂന്നാം തീയതിയാണ് ഷാജിയെ കാണാതായത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കാഞ്ഞിരം‍കുളം എസ്.ഐ ചന്ദ്രസേനന്‍ പറഞ്ഞു.