പ്രധാന വരുമാനം കൈക്കൂലി: 2500 രൂപ കൈക്കൂലി കേസില്‍ പിടിയിലായ വില്ലേജ് അസിസ്റ്റന്റില്‍ നിന്നും കണ്ടെടുത്തത് ഒരു കോടിയിലേറെ രൂപ

ബുധന്‍, 24 മെയ് 2023 (13:43 IST)
കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. അടുത്ത മാസം ഏഴിന് കേസ് പരിഗണിക്കും. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ വിജിലന്‍സ് പിടിയിലായത്. എന്നാല്‍ വിജിലന്‍സ് സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കും ഉള്‍പ്പടെ 1.05 കോടി രൂപയാണ് കണ്ടെടുത്തത്.
 
മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിനരികില്‍ 2,500 രൂപ മാസവാടകയുള്ള ഒറ്റമുറി റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 10 പുതിയ ഷര്‍ട്ടുകള്‍ മുണ്ടുകള്‍, 10 ലിറ്റര്‍ തേന്‍,പടക്കങ്ങള്‍,കെട്ടുകണക്കിന് പേനകള്‍ എന്നിവയും വിജിലന്‍സ് കണ്ടെടുത്തു. 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപ സ്ഥിര നിക്ഷേപമായും ഇയാള്‍ക്കുണ്ട്. 17 കിലോ നാണയങ്ങളും കണ്ടെടുത്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.
 
പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെയ്ക്കാനാണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒരു മാസക്കാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും വിജിലന്‍സ് ഇന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍