ബിപി മൊയ്‌തീന്‍ സേവാകേന്ദ്രത്തിന് നവംബര്‍ 15ന് തറക്കല്ലിടുമെന്ന് ദിലീപ്

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (18:38 IST)
മുക്കത്തെ ബി പി മൊയ്‌തീന്‍ സേവാകേന്ദ്രം പുതുക്കിപ്പണിയുന്നതിന് നടന്‍ ദിലീപിന്റെ സഹായം. സേവാകേന്ദ്രം പുതുക്കിപ്പണിയുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങ് നവംബര്‍ 15ന് നടക്കുമെന്ന് ദിലീപ് പറഞ്ഞു. തിങ്കളാഴ്ച മുക്കത്തെത്തി കാഞ്ചനമാലയെ കണ്ടാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.
 
വിപുലമായ ചടങ്ങുകളോടെ ആയിരിക്കും തറക്കല്ലിടല്‍ ചടങ്ങ് നടത്തുക. മന്ദിരത്തിന്റെ പ്ലാനും മറ്റ് വിശദാംശങ്ങളും പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ഇതിവൃത്തമായ ‘എന്ന് നിന്റെ മൊയ്‌തീന്‍’ തിയറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടയിലാണ് ഒരു ഘട്ടത്തിലും ഈ സിനിമയുടെ ഭാഗമാകാതിരുന്ന ദിലീപ് സഹായഹസ്തവുമായി കാഞ്ചനമാലയ്ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്.
 
മൊയ്‌തീന്റെ മരണശേഷം കാഞ്ചനമാല മുക്കത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്.