പത്ത് ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി കഴിഞ്ഞ ദിവസം രണ്ട് പേരെ തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി നാരായണന്‍ (49), തിരുവനന്തപുരം വലിയശാല സ്വദേശി വേണു (52) എന്നിവരാണ് അറസ്റ്റിലായത്.
തമ്പാന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തവേയാണ് സംശയകരമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി പിടികൂടിയത്. പണം നാരായണന്‍റെ അരയില്‍ തോര്‍ത്തു കൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
മലപ്പുറം സ്വദേശിയായ ഒരാളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് താന്‍ ഈ തുകയുമായി വേണുവിനെ വിളിച്ചതെന്നും ഇത്തരത്തില്‍ താന്‍ മുമ്പ് എറണാകുളം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പലതവണ പണം എത്തിച്ചിട്ടുണ്ടെന്നും നാരായണന്‍ പറഞ്ഞു.
തമ്പാന്നൂര്‍ എസ്.ഐമാരായ പ്രകാശ്, ജോണി എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കുഴല്‍പ്പണ സംബന്ധമായി കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.