നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനോ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയോ മത്സര രംഗത്തുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപിയുമായി നീക്കുപോക്കു മാത്രമേ ഉണ്ടാകൂ. അല്ലാതെ ബിജെപിയുടെ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കാന്‍ ഒരുക്കമല്ല. ജയസാധ്യതയുള്ള 20 ഓളം മണ്ഡലങ്ങളില്‍ മാത്രമേ ബിഡിജെഎസ് മത്സരിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതില്‍ അസഹിഷ്ണുത കാണിക്കുന്നവരുണ്ട്. മഞ്ഞക്കൊടി പിടിക്കുന്നവര്‍ മാത്രമല്ല ബിഡിജെഎസില്‍ പ്രവര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ കരുതലോടെ നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബിഡിജെഎസുമായി ചര്‍ച്ചകള്‍ തുടരുകയും സഹകരിക്കാന്‍ കഴിയുന്നിടത്തൊക്കെ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.