കൊടകര കുഴൽപ്പണകേസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

വ്യാഴം, 3 ജൂണ്‍ 2021 (13:50 IST)
കൊടകര കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന മൊഴിയാണ് നൽകിയത്.
 
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. കർത്തയുടെ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരു‌ത്തൽ. അതേസമയം എന്നാണ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കുക എന്നത് അറിയിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്‌തേക്കും.
 
മൂന്നരക്കോടി വരുന്ന വിവരം പല ബി ജെ പി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനമാണ് പോലീസിനുള്ളത്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്‌തിട്ടുണ്ട്. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകളൂണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍