പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി നേടിയെങ്കിലും ഇടതു വലതു മുന്നണികള്‍ ഒന്നിച്ചതോടെ പ്രസിഡന്‍റ് സ്ഥാനം എല്‍ ഡി എഫിനു ലഭിച്ചു. പൈവളിഗെ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് ഈ അസാധാരണ കൂട്ടുകെട്ടുണ്ടായത്.
ബി ജെ പി ക്ക് പഞ്ചായത്തില്‍ ആകെ എട്ടു സീറ്റുകളും എല്‍ ഡി എഫിനു ഏഴു സീറ്റും ഉണ്ട്. കഴിഞ്ഞ തവണ ബി ജെ പി ഭരിച്ച പഞ്ചായത്തില്‍ യു ഡി എഫ് വിട്ടുനിന്നാല്‍ ഭരണം വീണ്ടും ബി ജെ പി ക്ക് തന്നെ എന്നുറപ്പായതോടെ അപ്രതീക്ഷിതമായി യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മിലെ ഭാരതി ജെ ഷെട്ടിയെ പിന്തുണയ്ക്കുകയും പ്രസിഡന്‍റാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നേരത്തേ നടന്നെങ്കിലും ഭരണ സമിതിയുടെ കാലാവധി കഴിയാന്‍ സമയം ബാക്കിയുണ്ടായിരുന്നു. ഇതിനാലാണ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനു താമസം വന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച സി പി ഐ യിലെ സുനിതയും യു ഡി എഫ് പിന്തുണയോടെ വിജയിച്ചു.
ഇതോടെ ജില്ലയില്‍ ഒട്ടാകെ 16പഞ്ചായത്തുകളില്‍ എല്‍ ഡി എഫിന് ഭരണം നേടാനായപ്പോള്‍ യു ഡി എഫ് 18 പഞ്ചായത്തുകളിലും ബി ജെ പി നാലെണ്ണത്തിലും ഭരണം നടത്തും.