അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് ആർഎസ്എസ്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവർക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികൾ ആരംഭിക്കാൻ സംഘടനയുടെ ദേശീയ പ്രതിനിധിസഭ തീരുമാനിച്ചു.
കുടുംബ ക്ഷേമത്തിലൂന്നിയ പദ്ധതികളാണ് ആവിഷ്കരിക്കുക. വോട്ട് ലഭിക്കണമെങ്കിൽ കുടുംബ വോട്ടർമാരെ ചാക്കിലാക്കുന്നതിനാണിതെന്ന് വ്യക്തം. ശുദ്ധജല പദ്ധതികൾ, അഗതിമന്ദിരങ്ങൾ എന്നിവയുൾപ്പെടെ നടപ്പാക്കും. ഉത്തർപ്രദേശിലെ വിജയം അടിസ്ഥാനമാക്കി, അവിടെ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിലും നടത്താനുള്ള തയ്യാറെടുപ്പിലാണ് ആർ എസ് എസ്.
കേരളത്തിലും തമിഴ്നാട്ടിലും ആർഎസ്എസിൽ നിന്നു കൂടുതൽ കേഡർ നേതാക്കളെ പാർട്ടിക്കു വിട്ടു കൊടുക്കുമെന്നാണു സൂചന. സംഘടന ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികളും പരിവാർ സംഘടനാ പ്രവർത്തനങ്ങളും വിലയിരുത്തി.