'ഓപ്പറേഷന്‍ ലോട്ടസ്' കേരളത്തെ ബംഗാളാക്കാന്‍ ബിജെപി

ബുധന്‍, 17 ഡിസം‌ബര്‍ 2014 (13:53 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് നിയമസഭയില്‍ അക്കൌണ്ട് തുറപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം കരുക്കള്‍ നീക്കി തുടങ്ങി. ബംഗാള്‍ മാതൃകയില്‍ സിപിഐ(എം) അണികളെ വന്‍തോതില്‍ ബിജെപിയില്‍ ചേര്‍ത്ത് സംസ്ഥാനത്ത് ശക്തമായ അടിത്തറ ഉണ്ടാക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിലൂടെ നിയസഭയിലേക്കുള്ള  20 മുതല്‍ 30 വരെ സീറ്റുകളില്‍ വിജയം നേടാനാണ് ബിജെപി പരിശ്രമിക്കുന്നത്. ഇതിനാവശ്യമായ തന്ത്രങ്ങള്‍ വിശദീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ 19ന് കേരളത്തിലെത്തുമെന്നാണ് വിവരം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് 10.5 ശതമാനം വോട്ട് ലഭിച്ചിരുന്നു. ശേഷം നടന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ച ഇടങ്ങളില്‍ 21 ശതമാനം വോട്ടുകള്‍ ലഭിച്ചു.  അതിനാല്‍ 20 സീറ്റെങ്കിലും കുറഞ്ഞത് പിടിച്ചെടുക്കണമെന്നാണ് അമിത്ഷാ കേരള നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം 19ന് എത്തിയതിനു ശേഷമുള്ള യോഗങ്ങളില്‍ അമിത്ഷാ ആവര്‍ത്തിച്ചേക്കും.

19നു പാലക്കാട്ടെന്ന ഷാ രാവിലെ 10ന് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളേക്കുറിച്ച് പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ചകളും ഉണ്ടാകും. സംസ്ഥാനത്ത് പാര്‍ട്ടിക്ക് 20 മുതല്‍ 30 വരെ നിയമസഭാ സീറ്റുകള്‍ നേടാനാവുമെന്നാണ് ദേശീയ നേതൃത്വം നടത്തുന്ന കണക്കുകൂട്ടല്‍. എന്നാല്‍ കൂടിവന്നാല്‍ മൂന്ന് സീറ്റ് അത്രമാത്രമേ ഉണ്ടാകു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

അതേ സമയം യുഡി‌എഫിലെയും എല്‍‌ഡി‌എഫിലേയും അസംതൃപ്തരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് ആര്‍.ബാലകൃഷ്ണപിള്ള, കെ.ബി.ഗണേശ് കുമാര്‍, പി.സി.തോമസ് തുടങ്ങിയവരെ അമിത് ഷാ ലക്ഷ്യമിടുന്നുണ്ട്. ഇവരുമായി കൂടിയാലോചന നടത്താന്‍ എ.വി.താമരാക്ഷനെയാണു നിയോഗിച്ചിട്ടുള്ളത്. സിപിഐ(എം) ഏരിയാ സമ്മേളനങ്ങളില്‍ വിമത ശബ്ദമുയര്‍ത്തുന്നവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ആസൂത്രിത ശ്രമമുണ്ടാകും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക