കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം; സിപി എം പ്രവര്‍ത്തകന് വെട്ടേറ്റു
ചൊവ്വ, 20 ജനുവരി 2015 (14:29 IST)
കണ്ണൂരില്‍ വീണ്ടും സിപി എം- ബിജെപി സംഘര്‍ഷം. കണ്ണൂരിലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകന്‍ പൊയ്ലൂര്‍ തൂവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷിനാണ് വെട്ടേറ്റത്. പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന വിജേഷിനെ വീട്ടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു.
വിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് വിജേഷിന്റെ വീട്ടിലേക്ക് പോയ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഒ കെ വാസുവിന്റെ വാഹനത്തിന് നേരെ ബോംബേറുണ്ടായി.
സെന്‍ട്രല്‍ പൊയിലൂര്‍ റേഷന്‍ കടക്കു സമീപം വച്ചായിരുന്നു വാഹനം ആക്രമിക്കപ്പെട്ടത്. ബോംബേറില്‍ വാഹനം തകര്‍ന്നു. കാറില്‍ ഒകെ വാസുവും ഭാര്യയും ഗണ്‍മാനും ഡ്രൈവറുമാണുണ്ടായിരുന്നത്. മേഖലയില്‍ നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് തലശേരി എ എസ്‌പി ടി നാരായണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.