'വൈദികരുടെ ജോലി ആത്മീയ പ്രവർത്തനം, രാഷ്‌ട്രീയമല്ല'; തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി ഇടുക്കി രൂപത - സഭയുടെ കരുതൽ ഇത്തവണ ജോയ്സ് ജോർജിന് ഉണ്ടാകില്ല!

ചൊവ്വ, 12 മാര്‍ച്ച് 2019 (15:38 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് വൈദികർക്ക് ഇടുക്കി രൂപതയുടെ കർശന നിർദേശം. യാതൊരു കാരണവശാലും തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കരുതെന്ന് താക്കീത് ചെയ്ത് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വൈദികർക്ക് കത്തയച്ചു. മാർച്ച് 9നു കത്തോലിക്കാ വൈദികർക്ക് അയച്ച സർക്കുലറിൽ വിശ്വാസികൾ അവർക്കിഷ്ടമുളള നിലപാടുകൾ എടുക്കട്ടെയെന്നാണ് വ്യക്തമാക്കുന്നത്. 
 
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജിനേയും ഇടതുമുന്നണിയേയും ഇടുക്കി രൂപത പരസ്യമായി പിന്തുണച്ചിരുന്നു. വൈദീകരോ വിശ്വാസികളോ പ്രത്യേക നിലപാട് എടുക്കേണ്ടതില്ല. വൈദീകരുടെ ജോലി ആത്മീയ പ്രവർത്തനമാണ്, രാഷ്ട്രീയ പ്രവർത്തനമല്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും പ്രസ്താവനകളിൽ നിന്നും യോഗങ്ങളിൽ നിന്നും വൈദീകർ വിട്ടു നിൽക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെസിബിസിയുടെ നിർദേശങ്ങൾ പാലിക്കണം. വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ഒരു അപവാദത്തിനും ഇടം കൊടുക്കരുതെന്നും സർക്കുലർ താക്കിതു ചെയ്യുന്നു.
 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതര്‍ ജോയ്‌സ് ജോര്‍ജിന് വേണ്ടിയുള്ള പ്രചരണത്തിലും സജീവമായിരുന്നു. സഭയുടെ പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിക്ക് ഇടതുമുന്നണിയും പിന്തുണ പ്രഖ്യാപിച്ചതോടെ ജോയ്‌സ് ജോര്‍ജ് 50, 438 വോട്ടുകള്‍ക്ക് ജയിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍