എന്താണ് പക്ഷിപ്പനി, എങ്ങനെ പ്രതിരോധിക്കാം?

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2014 (14:00 IST)
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. പക്ഷിപ്പനി( ഏവിയന്‍ ഇന്‍ഫ്ലൂവെന്‍സ) പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം 2003 ല്‍ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്സോവൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം.

സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ വൈറസിന്റെ അനേകം വിഭാഗങ്ങളില്‍ ഒന്നാണ് പക്ഷിപ്പനി വൈറസുകള്‍(avian influenza). ഇവയുടെ കോശ ആവരണത്തിനു മേലുള്ള പ്രോട്ടില്‍ എന്‍സൈമുകളാണ് മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറാന്‍ വെറസിനെ പ്രാപ്തരാക്കുന്നത്.  ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ പേരിട്ടു വിളിക്കുന്നു.

H1N1, H1N2, H3N2, H5N1 തുടങ്ങിയ വൈറസുകളാണ് താരതമ്യേനെ മനുഷ്യരെ ബാധിക്കുന്നത്. നിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധയിലാണ് സ്തിരീകരിച്ചത്. വളരെക്കാലത്തെ ജനിതക പരിണാമം വഴിയാണ് ഈ അപകടകാരിയായ വൈറസ് രൂപപ്പെട്ടത്. ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇവനേയാണ്.

ഈ വൈറസിന് മനുഷ്യരിലേക്ക് ചേക്കേറാനുള്ള കഴിവ് കൂടുതലാണ്. മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ്  അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍ . ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാ‍ളിലേയ്ക്ക് ഈ രോഗം പകരുന്നത് അപൂര്‍വം. എന്നാല്‍ അപൂര്‍വ്വമായി ഇങ്ങനെര്‍ സംഭവിച്ചപ്പോഴൊക്കെ രോഗികള്‍ മരണപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം.

ഈ വൈറസ് ബാധിച്ച മനുഷ്യരില്‍ ഇതുവരെ അറിവായിട്ടുള്ളതില്‍ വച്ച് ജലദോഷത്തിന്റെയും സാധാരണ കഫക്കെട്ടിന്റെയും ലക്ഷണങ്ങളാണ് കണ്ടിട്ടുള്ളത്. ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനിയും ചുമയും തൊണ്ടവീക്കവും ന്യുമോണിയയും കാണാം. അപൂര്‍വ്വമായി തലച്ചോറിനെ ബാധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് വച്ച് പക്ഷിപ്പനി ആണെന്ന് സ്ഥിരീകരിക്കാനും കഴിയില്ല. ഇതിന് ചെലവേറിയ പരിശോധനകളും ആവശ്യമാണ്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടോ എന്ന് നോക്കുകയാണ് ഇതിനായി ചെയ്യുന്നത്. എന്നാല്‍ ഇതിന് കാലതാമസവുമുണ്ടാകും.

മനുഷ്യനില്‍ ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി ബാധകളില്‍ 90% വും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടുമില്ല. കാരണം അത്രയ്ക്കും സാംക്രമിക ശേഷി ഈ വൈറസിന് ഇതു വരെ ആര്‍ജ്ജിക്കാനായിട്ടില്ല. മനുഷ്യരില്‍ പക്ഷിപ്പനി ബാധയുണ്ടായാല്‍ ചികിത്സിക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്.

ഒസെല്‍റ്റാമിവിര്‍, സനാമിവിര്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഏറെക്കുറെ ഫലപ്രദമാ‍ണിവയെങ്കിലും ചെറു കാലയളവില്‍ മാത്രം പ്രയോഗിക്കപെടുന്നതിനാല്‍ ഫലത്തെക്കുറിച്ചും സൈഡ് ഇഫക്റ്റുകളെക്കുറിച്ചും നിരന്തരപഠനങ്ങള്‍ ഇപ്പൊഴും നടക്കുന്നു. സനോഫി പാസ്ചര്‍ കമ്പനി ഗവേഷിച്ച് നിര്‍മ്മിച്ച പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ പക്ഷിപ്പനിക്കെതിരേ ലഭ്യമാണ്.

എന്നാല്‍ മനുഷ്യരില്‍ പക്ഷിപ്പനി വളരെ പരിമിതമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ‍ എന്നതിനാലും, ഭാവിയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ലോകവ്യാപകമായ ഒരു ആരോഗ്യപ്രശ്നമായി പക്ഷിപ്പനി മാറുകയാണെങ്കില്‍ വാക്സിനേഷന്‍ കൊണ്ട് ഉണ്ടാകാവുന്ന പൊതുജന പ്രയോജനം കണക്കിലെടുത്തും അമേരിക്കന്‍ ഗവണ്മെന്റ് ഈ വാക്സീനിന്റെ സ്റ്റോക്ക് സൂക്ഷിക്കാനും വേണ്ടപ്പോള്‍ മാത്രം പൊതുജന ഉപയോഗത്തിന് തുറന്നുകൊടുക്കാനും തിരുമാനിച്ചിട്ടുണ്ട്.

          പക്ഷിപ്പനി പ്രതിരോധവും മുങ്കരുതലുകളും.... തുടര്‍ന്ന് വായിക്കുക.....
എന്നാല്‍ ഈ വൈറസിനു ജനിതക മാറ്റം സംഭവിക്കുന്നതാണ് മരുന്ന് ഗവേഷകരെ ആശങ്കയിലാക്കുന്നത്. ഒരു വിഭാഗത്തിലുള്ള വൈറസിന് പറ്റിയ മരുന്നുകള്‍ കണ്ടെത്തി വരുമ്പോഴേക്കും അത് മ്യൂട്ടേഷന്‍ സംഭവിച്ച് മറ്റൊരു വൈറസായി മാറുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. വൈറസിനു പേരിനൊരു കോശ ആവരണം ഉണ്ടെന്നതൊഴിച്ചാല്‍ അതിന്റെ പ്രധാനശരീരഭാഗം എന്നു പറയാന്‍ ലളിതമായ ഡി‌എന്‍‌എ മാത്രമെ ഉള്ളു.

നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ കയറിപ്പറ്റി കഴിഞ്ഞാല്‍ വൈറസ് ആദ്യം ചെയ്യുക, അതിന്റെ ജീനുകളെ നമ്മുടെ കോശത്തിന്റെ ജീനുകളുടെ ഇടയിലേയ്ക്ക് തുരന്നു കയറ്റുക എന്നതാണ്. ഇതോടെ വൈറസ് ജീനുകള്‍ അവയുടെ തനിനിറം കാണിക്കുന്നു. വൈറസ് ജീനുകള്‍ കോശത്തേ അതിന്റെ സ്വന്തം പ്രത്യുല്‍പ്പാദനത്തിനായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. ഇങ്ങനെ പെറ്റു വൈറസുകളുടെ ജീനുകള്‍ക്കിടയില്‍ മനുഷ്യ ജീനുകളും കാണാം.

ഇങ്ങനെ മാറിമറിയുന്ന ജീന്‍ സീക്വന്‍സുകള്‍ മൂലം പുതുതായി ഉണ്ടാകുന്ന വൈറസ് കൂടുതല്‍ ആക്രമണകാരിയായി മാറാനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ചില വൈറല്‍ രൂപങ്ങളായ H9N2, H7N7 എന്നിവയൊക്കെ അങ്ങനെയുണ്ടായതാണോ എന്നു സംശയിക്കപ്പെടുന്നു. മുന്‍പ് ലോകത്തില്ലാതിരുന്ന ഒരു രോഗാണു പുതുതായി രൂപം കൊള്ളുമ്പോള്‍ അതിനെതിരേ പ്രകൃത്യാ ഉള്ള യാതൊരു പ്രതിരോധശേഷിയും ഇല്ലാത്ത ഭൂമിയിലെ ജനം രോഗബാധിതരായി മരിക്കാന്‍ സാധ്യത കൂടുതലാണ്.

ഇതൊക്കെയാണെങ്കിലും പക്ഷിപ്പനിയെ ഇത്രകണ്ടു പേടിക്കേണ്ടകാര്യമൊന്നുമില്ല. വിയറ്റ്നാം, ചൈന, ജപ്പാന്‍, ഇന്‍ഡോനേഷ്യ തുടങ്ങി, മനുഷ്യരില്‍ പക്ഷിപ്പനി ഉണ്ടെന്നു കണ്ട നാ‍ടുകളിലൊക്കെയും കഷ്ടിച്ച് 100 – 400 ആളുകളെ മാത്രം ബാധിച്ച രോഗമാണിത്. പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി. അതില്‍ നിന്ന് രക്ഷപ്പെടാന്‍.

1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.
3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.
5. മൈക്രൊ വേവ് അവന്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവ്വും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യാന്‍ ഓര്‍ക്കുക. സാധാരണ നാം കോഴി/താറാവ് കറിവയ്ക്കുമ്പോള്‍ ഏതാണ്ട് ഈ ചൂടിലാണ് പാചകം ചെയ്യാറ്.
6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.