പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

ബുധന്‍, 26 നവം‌ബര്‍ 2014 (15:40 IST)
പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പക്ഷിപ്പനി നേരിടാനുള്ള മരുന്നും മറ്റ്  സംവിധാനങ്ങളും ഉണ്ടെന്നും അതിനാല്‍ ഭീതി പടര്‍ത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  താറാവ്- കോഴി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു മാസത്തില്‍ താഴെയുള്ള കുഞ്ഞിന് 100 രൂപയും അതിലേറെ പ്രായമുള്ളതിന് 200 രൂപയും നല്‍കും. നേരത്തേ 75 രൂപയും 150 രൂപയുമായിരുന്നു നഷ്ടപരിഹാരം.
 
രോഗം കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് തീവ്രമായ ശ്രദ്ധ വേണ്ടത്. പത്തു കിലോമീറ്റര്‍ ചുറ്റളവിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച പ്രോട്ടോക്കോള്‍ അനുസരിച്ച് സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മരുന്നില്ല, സൌകര്യങ്ങളില്ല എന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നു മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ക്വാഡുകളിലുള്ളവര്‍ ധരിക്കേണ്ട പ്രത്യേക വസ്ത്രങ്ങളും മുഖംമൂടിയും മറ്റും ഡല്‍ഹിയില്‍ നിന്നു കാര്‍ഗോയില്‍ വരുത്തിയിട്ടുണ്ട്. 
 
മാത്രമല്ല മനുഷ്യരിലേക്ക് ഇതുവരെ പക്ഷിപ്പനി പടര്‍ന്നിട്ടില്ല. കേരളത്തില്‍ കണ്ടെത്തിയത് എച്ച്5എന്‍ഐ എന്ന എച്ച്5 ഏവിയന്‍ ഇന്‍ഫ്ളുവന്‍സയാണ്. മനുഷ്യരിലേക്കു പടര്‍ന്നാല്‍ ഉപയോഗിക്കാനുള്ള 9120 ഡോസ് ഗുളികയും സ്റ്റോക്കുണ്ട്. ഒരാഴ്ചയിലേറെയുള്ള ആവശ്യത്തിനു തികയും.  ഇറച്ചി കൈകാര്യം ചെയ്യുന്നവരാണു സൂക്ഷിക്കേണ്ടത്.
 
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നാലു പഞ്ചായത്തുകളില്‍ വീതമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളില്‍ മാത്രം. ഇവിടങ്ങളില്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ തുകയും അനുവദിച്ചിട്ടുണ്ട്. ആദ്യം കണക്കാക്കിയ പോലെ ലക്ഷക്കണക്കിനു താറാവുകളേയും കോഴികളേയും കൊന്നൊടുക്കേണ്ടി വരില്ല. അതിനാല്‍ നഷ്ടപരിഹാരത്തിന് ആദ്യം കണക്കാക്കിയ തുകയും വേണ്ടി വരില്ല. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അപ്പോള്‍ തന്നെ നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍