പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം പ്രതിരോധപ്രവര്‍ത്തനം അവതാളത്തിലായി. വ്യക്തമായ മാര്‍ഗരേഖയില്ലാത്തതാണ് മെഡിക്കല്‍ സംഘത്തെ കുഴപ്പിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ല. രോഗം ബാധിച്ച താറാവുകളുടെ കണക്കെടുപ്പും ബോധവല്‍ക്കരണവും മാത്രമാണ് ഇന്നുണ്ടാവുക. താറാവുകളെ കൊല്ലുന്ന സംഘത്തിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള സാവകാശത്തിനു വേണ്ടിയാണിത്.
അതേസമയം, രോഗബാധ കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കുട്ടനാട്ടില്‍ കണ്ടെത്തിയത് തീവ്രതയേറിയ പക്ഷിപ്പനിയെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
പക്ഷിപ്പനിക്ക് തീവ്രതയേറെയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും രോഗം ജനങ്ങളിലേക്ക് പകരുന്ന സാഹചര്യം നിലവിലില്ലെന്നാണ് ആലപ്പുഴയില്‍ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതായി സ്ഥിരീകരിച്ച ഭഗവതിപ്പടിയ്ക്കല്‍, നെടുമുടി, തകഴി, പുറക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഈ മേഖലയിലെ താറാവുകളെ കൊന്നൊടുക്കിയുളള രോഗപ്രതിരോധത്തിന് ദ്രുതകര്‍മസേനയെയും നിയോഗിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക ഉയര്‍ത്തുന്ന കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് 50,000 രൂപ വീതം ചെലവഴിക്കാനുളള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി. രോഗബാധ കണ്ടെത്തിയ മേഖലകളിലെ പഠനത്തിന് ഉടന്‍ കേന്ദ്രസംഘവുമെത്തും.
എന്നാല്‍ കോട്ടയം ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം പഞ്ചായത്തുകളില്‍ ഇന്നു തുടങ്ങി പക്ഷികളെ കൊന്നൊടുക്കും. ആറുപേരടങ്ങിയ പത്തു ടീമുകളെ ഇതിനായി നിയോഗിച്ചു. നിലവിലെ കണക്കനുസരിച്ച് 25,000 പക്ഷികളെ കൊല്ലേണ്ടി വരും.