പക്ഷിപ്പനി ബാധിച്ച മേഖലകളില്‍ ജനങ്ങള്‍ക്ക് പനി പടരുന്നു

Webdunia
ബുധന്‍, 26 നവം‌ബര്‍ 2014 (10:32 IST)
പക്ഷിപ്പനി ബാധിച്ച മേഖലകളില്‍  ജനങ്ങള്‍ക്ക് പനി പടരുന്നു. ആലപ്പുഴ ജില്ലയിലെ പുറക്കാട്, ഇല്ലിച്ചിറ മേഖലയില്‍ നിന്ന് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
രണ്ടു കുടുംബങ്ങളിലെയും മൂന്നും നാലും പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളാണ് കൂടുതല്‍ പേര്‍ക്കും ഉള്ളത്. 
 
ഇത്തരം രോഗലക്ഷണങ്ങളുമായി വരുന്നവരുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗ ലക്ഷണം, രോഗിയുടെ വിവരം, രോഗി താമസിക്കുന്ന പ്രദേശത്തിന്റെ വിവരം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക രജിസ്റ്റര്‍ എഴുതി തയാറാക്കി സൂക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 
 
പ്രതിരോധ മരുന്നുകളോ പരിശോധനയോ ഇവിടങ്ങളില്‍ നടത്തിയിട്ടില്ല. താറാവുകളെ കൊന്നൊടുക്കി പ്രതിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. അതിനിടെയാണ് ജനങ്ങളില്‍ പനി പിടിക്കുന്നത്. പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പടരാതിരിക്കാനുള്ള മാര്‍ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും ജനങ്ങളില്‍ ആശങ്ക വളര്‍ത്തുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.