പക്ഷിപ്പനി: കേരളത്തിന് അനാസ്ഥ, മുഖ്യമന്ത്രി ഫോണ്‍ പോലും ചെയ്തില്ലെന്ന് കേന്ദ്രം

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (14:42 IST)
സംസ്ഥാനത്തെ അഞ്ചു ജില്ലകളിലേക്ക് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും നിലവിലെ അവസ്ഥ കാണിച്ച് വിവരം കൈമാറുന്നതില്‍ കേരളം അനാസ്ഥ കാണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഫോണില്‍ പോലും സംസാരിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി കോട്ടയം, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിലേക്ക് പകര്‍ന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിക്കാന്‍ ഇടതുപക്ഷ എംപിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ടെലിഫോണില്‍ വിളിച്ചിരുന്നു. ഈ സമയം മുഖ്യമന്ത്രി മീറ്റിംഗില്‍ ആണെന്ന മറുപടിയാണ് ഓഫീസില്‍ നിന്ന് കിട്ടിയത്, തിരിച്ചുവിളിക്കാം എന്നും ഓഫീസ് അറിയിച്ചു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും കേന്ദ്ര ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

അതേ സമയം ബുധനാഴ്ച അഞ്ചു ജില്ലകളിലായി മൂവായിരത്തോളം താറാവുകള്‍ ചത്തതായിട്ടാണ് അനൗദ്യോഗിക വിവരം. ആലപ്പുഴയില്‍ മാത്രം ആയിരത്തോളം താറാവുകള്‍ ചത്തു. പലയിടങ്ങളിലായി ആലപ്പുഴ ജില്ലയില്‍ 15,000 ത്തിലേറെ താറാവുകള്‍ ചത്തു ചിതറിക്കിടക്കുകയാണ്. ഇവയെ കത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നുവെന്ന ആക്ഷേപവുമുണ്ട്.

എന്നാല്‍ ഇത്ര പെട്ടന്ന് മറ്റ് ജില്ലകളിലേക്ക് പനി വ്യാപിച്ചതില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് സൂചനയുണ്ട്. രോഗബാധ സ്ഥിരീകരിച്ച ഉടനെ കുട്ടനാട്ടില്‍ നിന്ന് താറാവുകളേയും കോഴികളേയും കടത്തുന്നത് നിരോധിച്ചു എങ്കിലും നിരോധനം പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് രോഗവ്യാപനം രൂക്ഷമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.