ദൃശ്യങ്ങള്‍ വിനയായി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് - നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുങ്ങും

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (15:53 IST)
തിങ്കളാഴ്‌ചത്തെ യുഡിഎഫ് ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന പുറത്തുവന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.

ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിന്ദു കൃഷ്ണയും പ്രവര്‍ത്തകരും വഴിതടയുന്നതിന്റെയും യാത്രക്കാരോട് മോശമായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ബിന്ദു കൃഷ്ണയെ കൂടാതെ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിലേക്ക് പോയവരടക്കമുള്ളവരെ വഴിയില്‍ തടഞ്ഞ നിര്‍ത്തിയും വാഹനങ്ങള്‍ തടഞ്ഞുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിവസം അഴിഞ്ഞാടിയത്. വാഹനങ്ങള്‍ തടഞ്ഞ് യാത്ര തടസപ്പെടുത്തിയ ബിന്ധു കൃഷ്‌ണ സുഹൃത്തിനൊപ്പം ടൂ വീലറില്‍ കയറിപ്പോയ സംഭവവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇന്നലത്തെ യുഡിഎഫ് ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസ് പ്രവർത്തകർ വ്യാപകമായ അക്രമമാണ് നടത്തിയത്. സമരക്കാർ പലയിടത്തും സ്വകാര്യ വാഹനങ്ങൾ അടക്കമുള്ളവ തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളും മാളുകളും കൂട്ടമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ചില ഇടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

എന്നാല്‍, സമാധാനപരമായി നടന്ന ഹർത്താൽ ജനം ഏറ്റെടുത്തുവെന്നും പൊലീസിനെ ഉപയോഗിച്ച് ഹര്‍ത്താല്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞത്. “ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നുണ്ട്. അനാവശ്യമായി പൊലീസിനെ വിന്യസിച്ച്  പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. വാഹനങ്ങൾ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നു”- എന്നുമാണ് ചെന്നിത്തല പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article