സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച് ഉമ്മന്‍ചാണ്ടിയുടെ കത്ത്: നല്‍കില്ലെന്ന് മുഖ്യമന്ത്രി - ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെക്കും

തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (17:46 IST)
സോളാർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെക്കും. എന്നാല്‍, തീയതി തീരുമാനിച്ചിട്ടില്ല. കമ്മിഷനെ നിയോഗിച്ചത് മുന്‍ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തത് പ്രതികാര നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ ജുഡീഷൻ റിപ്പോർട്ട് ഇപ്പോൾ പരസ്യപ്പെടുത്താനാവില്ല. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കണമെന്നാണ് ചട്ടം. അപ്രകാരമേ പ്രവര്‍ത്തിക്കാനാകൂ. അല്ലാത്ത പക്ഷം നടപടി നിയമവിരുദ്ദമാകുമെന്നും ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണ കമ്മിഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് രണ്ട് തരത്തിൽ നടപടി സ്വീകരിക്കാം. റിപ്പോർട്ട് മാത്രമായോ അതിന്മേൽ സ്വീകരിച്ച നടപടി കൂടി റിപ്പോർട്ടാക്കി നിയമസഭയിൽ വയ്ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകിയിരുന്നു.  വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷയ്ക്കു പുറമെയാണു മുഖ്യമന്ത്രിക്കു കത്ത് നൽകിയത്. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പിണറായി നേരിട്ട് രംഗത്ത് എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍