മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്നുപേർ മരിച്ചു
തിങ്കള്‍, 13 ജൂലൈ 2015 (08:48 IST)
ദേശീയപാതയിൽ വട്ടപ്പാറ അടിയിൽ ബൈക്കിനു പിന്നിൽ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കാവുംപുറം കാളിയാല ചോലക്കൽ സ്വദേശി പാറക്കൽ ഉസ്മാൻ (33), ഭാര്യ ഫൗസിയ (30), മകൾ നിഹാല (12) എന്നിവരാണു മരിച്ചത്. കഞ്ഞിപ്പുരയിലുള്ള ഉസ്മാന്റെ സഹോദരിയുടെ വീട്ടിൽനിന്നു നോമ്പുതുറ കഴിഞ്ഞു മടങ്ങവെ ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം. വളാഞ്ചേരിയില്‍ ദേശീയ പാതയില്‍ വട്ടപ്പാറ വളവിനു സമീപമാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരണപ്പെടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
കഞ്ഞിപ്പുരയിൽനിന്ന് കാളിയാലയിലെ വീട്ടിലേക്കു വരികയായിരുന്ന ഉസ്മാന്റെ ബൈക്കില്‍ പിന്നിൽനിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി എതിർ ഭാഗത്തുനിന്നു വന്ന മറ്റൊരു ലോറിയിലും ഇടിച്ചു. ലോറിക്കടിയിൽപ്പെട്ട ഉസ്മാനെയും കുടുംബത്തെയും ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തെങ്കിലും എല്ലാവരും മരിച്ചിരുന്നു.
നോമ്പുതുറയ്ക്ക് ഇവരോടൊപ്പംപോയ മൂത്ത മകൻ, ഉസ്മാന്റെ സഹോദരിയുടെ വീട്ടിൽത്തന്നെ താമസിക്കുകയായിരുന്നു. ഇവർ പുതിയതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശം പെരുനാളിനുശേഷം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഉസ്മാൻ ദുബായിൽനിന്നു നാട്ടിലെത്തിയിട്ടു നാലു ദിവസമേ ആയിട്ടുള്ളൂ.