എല്ലാത്തിനും തെളിവുണ്ട്, പക്ഷേ വിജിലന്‍സിനു കൊടുക്കില്ല സി‌ബിഐക്ക് കൊടുക്കും: ബിജു രമേശ്

ബുധന്‍, 21 ജനുവരി 2015 (15:33 IST)
ബാര്‍ കോഴക്കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മുഴുവനും തെളിവുണ്ടെന്നും എന്നാല്‍ അവ മുഴുവനും വിജിലന്‍സിന് നല്‍കില്ലെന്നും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് അറിയിച്ചു. ഇന്നലെ പുറത്തു വന്ന ശബ്ദ രേഖ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം ഉള്ളതാണ്. ഇതിന്റെ പൂര്‍ണ രൂപം ഇന്ന് വിജിലന്‍സിന് കൈമാറും. ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ട ശബ്ദ രേഖയാണിത്. എന്നാല്‍ വിജിലന്‍സിന് മുഴുവന്‍ തെളിവും നല്‍കില്ല. ധനമന്ത്രി മാണിക്കെതിരായ തെളിവുകള്‍ മാത്രമാണ് ഇന്ന് നല്‍കുക. ബാറുടമകള്‍ മൊഴിമാറുന്നത് തടയുന്നതിനാണിതെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. 
 
അഴിമതിക്കാര്‍ക്ക് പിന്നില്‍ മന്ത്രിസഭ ഒറ്റക്കെട്ടാണ്. അതിനാല്‍ കേസ് സിബി‌ഐക്ക് വിടണമെന്നും സിബി‌ഐക്ക് മുഴുവന്‍ തെളിവുകളും കൈമാറുമെന്നും ബിജു പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. അന്വേഷണ സംഘത്തലവനെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും ബിജു ആരോപിച്ചു.
 
ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഭാഷണമാണ് തന്റെ കയ്യിലുള്ള തെളിവ്. പണം നല്‍കിയെന്ന് എലഗന്‍സ് ബാറുടമ ബിനോയ് സമ്മതിക്കുന്ന ശബ്ദ രേഖ കയ്യിലുണ്ട്. പണം നല്‍കിയെന്ന് മറ്റ് ബാറുടമകളും സമ്മതിക്കുന്നുണ്ട്. ഈ തെളിവുകളും വിജിലന്‍സിന് കൈമാറും. കേസില്‍ നിന്നും പിന്‍മാറാന്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച് ബിനോയ് രംഗത്തെത്തിയിരുന്നു, ബിജു രമേശ് ആരോപിക്കുന്നത് പോലെ നെടുമ്പാശ്ശേരിയില്‍ എത്തി മാണിക്ക് പണം നല്‍കിയിട്ടില്ലെന്ന് ബിനോയി പറഞ്ഞു. 
 
ഇടനിലക്കാര്‍ വഴി പോലും മാണിയുമായി സംസാരിച്ചിട്ടില്ല, പണം കൊടുത്തുവിട്ടിട്ടുമില്ല. ബിജു രമേശ് പുറത്തുവിട്ടത് ബാര്‍ ഉടമകളുടെ നേതൃയോഗത്തിലെ സംഭാഷണവുമല്ല. ചിലരുടെ സ്വകാര്യ സംഭാഷണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനില്‍കുമാറും അറിയിച്ചിരുന്നു. ബിജുരമേശ് പുറത്ത് വിട്ട ശബ്ദരേഖയില്‍ പറയുന്ന കാര്യം തെറ്റാണ്. തന്റെ ഭാഗം ശരിയാണെന്ന് വരുത്താന്‍ വേണ്ടി ബിജുരമേശ് ശ്രമിക്കുകയാണെന്നും അതിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പിന്തുണയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
 
അതേസമയം ധനമന്ത്രി കെ എം മാണിക്ക് പണം നല്‍കിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ ബാറുടമ അനിമോനടക്കമുളളവര്‍ വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ബിജു രമേശ് ഇന്ന് വിജിലന്‍സിന് കൈമാറുക. മൊഴി മാറ്റി പറയാന്‍ ബാറുടമകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ യോഗത്തിന്റെ ശബ്ദ രേഖ വിജിലന്‍സ് കൈമാറുന്നതെന്ന് ബിജു രമേശ് പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക