പോക്കറ്റില്‍ കിടന്ന കല്‍ക്കണ്ടം എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയ യുവാക്കള്‍ ജയിലില്‍ കിടന്നത് അഞ്ചുമാസം. കോളിച്ചാല്‍ 18 മെയില്‍ സ്വദേശികളായ ബിജുവും സുഹൃത്ത് മണികണ്ഠനുമാണ് ദുരനുഭവം ഉണ്ടായത്. 2024 നവംബര്‍ 25നാണ് കണ്ണൂര്‍ സ്വദേശിയായ മണികണ്ഠനൊപ്പം ബിജു കണ്ടെയ്‌നര്‍ ലോറിയില്‍ ജോലിയുണ്ടെന്നറിഞ്ഞത് കോഴിക്കോട് പോയത്.
രാത്രി നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചു. 26ന് രാവിലെ ചായ കുടിക്കാന്‍ ഹോട്ടല്‍ തേടി ഇറങ്ങിയപ്പോഴാണ് മയക്കുമരുന്ന് കടത്തുകാരെന്ന സംശയത്തില്‍ ഇരുവരെയും ഡാന്‍സ്‌സാഫ് സംഘം തടഞ്ഞു വെച്ചത്. പിന്നാലെ നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇവരെ പരിശോധിച്ചപ്പോള്‍ മണികണ്ഠന്റെ പോക്കറ്റില്‍ സൂക്ഷിച്ച 58 ഗ്രാം കല്‍ക്കണ്ടം പോലീസ് കണ്ടെത്തി. ഇത് കല്‍ക്കണ്ടമാണെന്നും വീട്ടിലേക്ക് വാങ്ങിയതാണെന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. പിന്നീട് വടകര കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.
ഒടുവില്‍ രാസ പരിശോധനയില്‍ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഏപ്രില്‍ 24ന് സ്വന്തം ജാമ്യത്തില്‍ കോടതി ഇരുവരെയും വെറുതെ വിട്ടത്. എല്ലാ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് 151 ദിവസം ജയിലില്‍ അടച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് ബിജു മാത്യു പറയുന്നു.