സാധാരണ കടകളിലെന്ന പോലെ ബെവ്‌കോയിലും കയറാനാകണം, ക്യൂ സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (15:24 IST)
ബെവ്‌കോ മദ്യഷോപ്പുകൾ പരിഷ്‌കരിക്കുന്നതിന് നയപരമായ മാറ്റം അനിവാര്യമാണെന്ന് കേരളാ ഹൈക്കോടതി. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം.ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 
 
പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.
 
ക്യൂ നിൽക്കാതെ മദ്യം വാങ്ങി തിരികെ പോകാൻ കഴിയുന്ന തരത്തിൽ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാൻ സർക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article