ബാര്‍ കോഴയില്‍ മാണിക്കെതിരേ കുറ്റപത്രമില്ല, തീരുമാനം വിജിലന്‍സ് ഡയറക്ടറുടേത്

Webdunia
ശനി, 27 ജൂണ്‍ 2015 (18:28 IST)
കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ ‌എം മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം സ്വീകരിച്ചതിനു ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ വില്‍‌സണ്‍ എം പോള്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ട എന്ന തീരുമാനത്തിലെത്തിയത്.

തീരുമാനം നേരത്തെ എടുത്തതാണെങ്കിലും അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനികൂമെന്നതിനാല്‍ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. മാണിക്കെതിരെ കുറ്റപത്രം ഉണ്ടാകില്ലെന്ന് വിജിലന്‍ കോടതിയെ അറിയിക്കും. വിജിലന്‍സ് എസ്‌പി ആര്‍ സുകേശന്‍ ഇക്കാര്യം കോടതിയെ അറിയിക്കും. നിലപാടിനൊപ്പം ബാര്‍ കോഴയിലെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിക്കും.

മാണിക്കെതിരെ നേരിട്ട് തെളിവുകളില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ല എന്നാണ് വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്ന നിയമോപദേശം. ഈ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും എന്ന് ആരോപണമുന്നയിച്ച ബാര്‍ ഓണേഴ്സ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞിരുന്നു.

ഇത് മുന്നില്‍ കണ്ട് വിജിലന്‍സ് ഡയറക്ടര്‍ അറ്റൊര്‍ണി ജനറലിന് രണ്ടുതവണ നിയമോപദേശം തേടി കത്തയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിക്കാതായതോടെ സുപ്രീം കോടതി അഭിഭാഷകരുടെ ഉപദേശം തേടുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശവും കുറ്റപത്രം എടുക്കുന്നതിനെതിരായതൊടെ കുറ്റപത്രം വേണ്ട എന്ന നിലപാടിലേക്ക് വിജിലന്‍സ് ഡയറക്ടര്‍ എത്തുകയായിരുന്നു.