ബാറില്‍ തട്ടി കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാറായി നില്‍ക്കുന്നതിനിടെ ഹൈക്കോടതിന്‍ ഉത്തരവ് നടപ്പാക്കാന്‍ എക്സൈസ് വകുപ്പ നടപടികള്‍ ആരംഭിച്ചു. പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നിലവാര പരിശോധന നടത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച മുതല്‍ പരിശോധന തുടങ്ങും. നേരിട്ട് പരിശോധിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്. പരിശോധനയ്ക്കു ശേഷം നിലവാരത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും. അതേ സമയം പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നികുതി വകുപ്പ് സെക്രട്ടറിയുടെയും എക്‌സൈസ് കമ്മീഷണറുെടയും നേതൃത്വത്തില്‍ ബാറുകളുടെ നിലവാരം പരിശോധിച്ച് 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് പരിശോധന.
എന്നാല്‍ എക്സൈസിന് നിലവാര പരിശോധന നടത്താന്‍ എങ്ങനെ സാധിക്കുമെന്നാണ് എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. നേരത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്കും നിലവാരമുണ്ടെന്ന് എക്സൈസ് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തിരിച്ചടിയാകുമെന്ന് വിമര്‍ശകര്‍ പറയുന്നു.
പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സൗകര്യങ്ങള്‍ ഓരോ വിഭാഗം ബാറുകള്‍ക്കും ഉണ്ടോയെന്ന് വിലയിരുത്തും.കോടതിവിധി വന്നയുടന്‍ എക്‌സൈസ് കമ്മീഷണറും നികുതി സെക്രട്ടറിയും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
അതേ സമയം പാര്‍ട്ടിയും സര്‍ക്കാരും ബാര്‍ വിഷയത്തില്‍ ഇപ്പോഴും രണ്ട് തട്ടില്‍ നില്‍ക്കുന്നതിനാല്‍ വിഷയം ഇനിയും സങ്കീര്‍ണ്ണമായി തുടരും. നിലവാര പരിശോധനയ്ക്ക് ശേഷം മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കുന്നവയുണ്ടെന്ന് തെളിയിക്കുന്ന ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി കോടതി നല്‍കിയേക്കും. ഇത് വീണ്ടും പൊട്ടിത്തെറിക്ക് കാരണമാകും.