ബാര്‍ കോഴ കേസ് സിബിഐ അന്വേഷിക്കണം: ജോര്‍ജ്

ഞായര്‍, 24 മെയ് 2015 (13:50 IST)
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുങ്ങുന്നത് മാണി മാത്രമായിരിക്കും. സിബിഐ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
 
യുഡിഎഫ് മന്ത്രിമാര്‍ക്ക് പുറമെ എംഎല്‍എമാര്‍ക്കും കോഴ നല്‍കിയെന്നും. എംഎല്‍എമാര്‍ക്ക് പണം കൊടുത്തതിന്റെ കണക്ക് തന്റെ പക്കലുണ്ടെന്നും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജുരമേശ് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. 
 
പലര്‍ക്കും നല്‍കാനായി ബാറുടമകളില്‍ നിന്ന് 24 കോടി രൂപയാണ് പിരിച്ചതെന്ന് ബിജു പറഞ്ഞു. കേസിനുവേണ്ടി അഞ്ചു കോടി രൂപയോളം പിരിച്ചു. ഓരോ ബാറുടമകളില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് പിരിച്ചത്. 
 
മന്ത്രി കെ ബാബുവിന് പണം ഓഫീസില്‍ കൊണ്ടു നല്‍കിയത് താനാണെന്നും ബിജു പറഞ്ഞു.  ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ് പറഞ്ഞു. ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ബിജു രമേശ് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക