ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ വീണ്ടും ചോദ്യം വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ നൽകിയ മൊഴിയിൽ ചില വൈരുദ്ധ്യങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്നലെയെടുത്ത മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ആവശ്യമെങ്കിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന കാര്യത്തില്‍ വിജിലന്‍സ് ഇതുവരെ കൃത്യമായി തീരുമാനത്തിലെത്തിയിട്ടില്ല.
ബാര്‍ ഉടമകള്‍ കോഴ നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് കാണിച്ച് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വിജിലന്‍സിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ ജോര്‍ജിനെയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തയ്യാറെടുക്കുകയാണ്. അതേസമയം, കേസ് ഉണ്ടായാല്‍ ചോദ്യം ചെയ്യുന്നത് പുതുമയല്ലെന്ന് മാണി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് ആർ സുകേശന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു മാണിയെ ചോദ്യം ചെയ്‌തത്. ചോദ്യംചെയ്യൽ ഒരുമണിക്കൂറിലേറെ നീണ്ടു. പല സന്ദര്‍ഭങ്ങളിലും ബാര്‍ ഹോട്ടല്‍ ഉടമകളെ കണ്ടിട്ടുണ്ടെന്നു മാണി വിജിലന്‍സിനു മൊഴി നല്‍കിയതായാണു റിപ്പോര്‍ട്ട്. എന്നാല്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ പണം നല്‍കിയെന്ന കാര്യം മാണി നിഷേധിച്ചു. തയാറാക്കിയ അമ്പതോളം ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ കെഎം മാണിയോട് ചോദിച്ചത്.