പിള്ള ഉറപ്പിച്ചു; മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയും

Webdunia
വ്യാഴം, 22 ജനുവരി 2015 (17:24 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തിരിഞ്ഞ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ യുഡിഎഫ് തിരിഞ്ഞ സാഹചര്യത്തില്‍ പിള്ളയും തിരിച്ചടിക്കുന്നു. യുഡിഎഫ് ഏല്‍പ്പിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രണ്ടു ദിവസത്തിനകം ഒഴിയാനാണ് കേരള കോണ്‍ഗ്രസ് ബിയുടെ തിരുമാനം. ഈ കാര്യം പിള്ള തന്നെയാണ് വ്യക്തമാക്കിയത്.

താന്‍ രണ്ടു ദിവസത്തിനകം മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയും. അതുവരെ വെള്ളാപ്പള്ളി നടേശന്‍ ക്ഷമിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആര്‍ ബാലകൃഷ്‌ണ പിള്ളയ്ക്ക് എതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പുറത്തിറങ്ങിയിരുന്നു. പിള്ളയുടെ വാക്കും പ്രവൃത്തിയും മുന്നണിമര്യാദയ്ക്ക് ചേരുന്നതല്ലെന്നും. പിള്ള തുള്ളിയാല്‍ മുട്ടോളമെന്ന് പരിഹസിക്കുന്നതുമാണ് കോണ്‍ഗ്രസ് മുഖപത്രം. കൂടാതെ

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആരുടെയോ കൈയിലെ കരുവായിരിക്കുകയാണ് പിള്ളയെന്നും. ഇതിനായി പിള്ള അച്ചാരം വാങ്ങിയെന്നും വീക്ഷണം ആരോപിക്കുന്നു. ഇത്തരക്കാരോട് കെ കരുണാകരന്റെ നിലപാടാണ് വേണ്ടതെന്നും. പോരാട്ടം അഴിമതിക്കെതിരെയെങ്കില്‍ പിള്ള ആദ്യം സ്വന്തം പാപക്കറ കഴുകിക്കളയുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സ്വന്തം ഭൂതകാലം ബാലകൃഷ്‌ണപിള്ള മറക്കരുത്. പിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ആത്മനാശ പ്രവര്‍ത്തനമാണ്. ബാലകൃഷ്‌ണ പിള്ളയ്ക്ക് ഗണേഷിനോളം പക്വതയില്ലെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.