ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും; ബാര്‍ കോഴക്കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന് കോടിയേരി
ശനി, 27 ഓഗസ്റ്റ് 2016 (16:11 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എംഎല്‍എയുമായ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനുള്ള വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കേസിലെ ഗൂഢാലോചനയടക്കം എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്നും കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബാർ കോഴ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. തുടരന്വേഷണം വേണ്ടെന്ന പൊലീസ് റിപ്പോർട്ട് മുൻ സർക്കാരിന്റെ സമ്മർദ്ദ ഫലമായി തയാറാക്കിയതാണ്. ഇതിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കു പങ്കുണ്ടെങ്കിൽ അക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
ബാർ കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് മാണിക്കു പരാതിയുണ്ടെങ്കിൽ അന്വേഷണ പരിധിയിൽ ആ വിഷയവും കൊണ്ടു വരണം. സുകേശൻ തന്നെ കേസ് അന്വേഷിക്കണമെന്ന നിർബന്ധം സിപിഎമ്മിനില്ല. ജനങ്ങൾക്ക് സ്വീകാര്യമായ സംഘം അന്വേഷിച്ചാൽ മതിയെന്നും കോടിയേരി വ്യക്തമാക്കി.
ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർസുകേശന്റെ ഹർജിയിലാണു ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിനുള്ള നടപടിയുണ്ടായത്. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തു കൊണ്ടുവരണം. നശിപ്പിക്കപ്പെട്ട തെളിവുകളും കണ്ടെത്തണമെന്നു കോടതി ആവശ്യപ്പെട്ടു.
ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർ റെഡ്ഡിയാണെന്ന് സുകേശൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോർട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശൻ കുറ്റപ്പെടുത്തിയിരുന്നു.