വിസ തട്ടിപ്പിലൂടെ 20 ലക്ഷത്തിലേറെ രൂപ കൈക്കലാക്കി ഒളിവില്‍ പോയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വേങ്ങര മുട്ടം സ്വദേശി ഇസ്മായില്‍ എന്ന 37 കാരനാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ വലയിലായത്.
വിദേശങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ബാലരാമപുരം, പനയറക്കുന്ന് പ്രദേശങ്ങളിലെ യുവാക്കളില്‍ നിന്ന് ഇയാള്‍ 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണു പരാതി. പണവുമായി മുങ്ങിയ ഇസ്മായില്‍ ഏതാനും മാസങ്ങളായി ബംഗളൂരില്‍ ഒരു യുവതിയുമായി ചേര്‍ന്ന് ചായക്കട നടത്തുകയായിരുന്നു.
ഇയാളെക്കുറിച്ച് പത്രങ്ങളില്‍ ലുക്കൌട്ട് പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ഒരാള്‍ ക്രൈംബ്രാഞ്ചിനെ വിളിച്ചറിയിച്ചതാണ് അറസ്റ്റിനു വഴിതെളിച്ചത്. ഡി വൈ എസ് പി എ ഷാനവാസിന്‍റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പെക്റ്റര്‍ സന്തോഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.