നിലവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും പ്രതിയെ കണ്ടെത്തിയ സാഹചര്യത്തിൽ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രാജേശ്വരി കോടതിയിൽ അറിയിച്ചു. നേരത്തേ ഇതേകാര്യം ആവശ്യപ്പെട്ട് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കോടതി ഇത് തള്ളി. തുടർന്നാണ് പാപ്പു ഹൈക്കോടതിയെ സമീപിച്ചത്. സി ബി ഐ അന്വേഷണം വേണ്ടെന്ന് രാജേശ്വരി അറിയിച്ചതോടെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി മാറ്റി.
ജിഷയെ കൊന്നത് അമീറുൾ തനിച്ചാണെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്, എന്നാൽ ഇതുതെളിയിക്കാനാവശ്യമായ രേഖകളോ, തെളിവുകളോ പൊലീസിന്റെ പക്കൽ ഇല്ലെന്ന് പാപ്പു നൽകിയ ഹർജിയിൽ പറയുന്നു. കേസിൽ അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങളിൽ പലതും തെറ്റാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.