ആറ്റിങ്ങലില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കാമുകിയുടെ ഭര്‍തൃമാതാവിനേയും നാല് വയസ്സുള്ള മകളേയും വെട്ടിക്കൊലപ്പെടുത്തിയ ഐ ടി ജീവനക്കാരനായ നിനോ മാത്യുവാണ് കേസിലെ ഒന്നാം പ്രതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഷെര്‍സിയാണു വിധി പറയുന്നത്.
അഞ്ച് മാസം നീണ്ട് വിചാരണക്കൊടുവിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ കോടതി വിധി പറയുന്നത്.
കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയ നിനോയുടെ കാമുകിയായ അനുശാന്തിയാണ് കേസിലെ രണ്ടാംപ്രതി. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, മകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ലിജീഷിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.
2014 ഏപ്രില്‍ 16 നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ആറ്റിങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാറാണ് ഹാജരാകുന്നത്.