ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് രണ്ടാം പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്ക് ശേഷം കോടതിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലിജീഷ്.
കേസ് തെളിയിക്കാന്‍ പ്രയത്‌നിച്ച പൊലീസ് ഓഫീസര്‍മാരോടും പ്രോസിക്യൂഷനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. നിര്‍ണായക സമയത്ത് തനിക്ക് എല്ലാ പിന്തുണയും ആശ്വാസവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും ലിജീഷ് പറഞ്ഞു. അനുശാന്തിക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയതായി തോന്നുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അതെല്ലാം കോടതി പറഞ്ഞു കഴിഞ്ഞല്ലോയെന്നായിരുന്നു പ്രതികരണം.
2014 ഏപ്രിൽ പതിനാറിനായിരുന്നു ക്രൂരമായ കൊലപാതകം. ലിജീഷിന്റെ അമ്മ ഓമനയും മകൾ മൂന്നര വയസുകാരിയായ സ്വാസ്‌തികയുമാണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടത്തെ ടെക്നോപാർക്കിലെ ഒരേ കമ്പനിയിൽ ജോലിക്കിടെ പരിചയപ്പെടുകയും പ്രണയബദ്ധരാകുകയും ചെയ്ത നിനോ മാത്യുവും അനുശാന്തിയും ഒരുമിച്ച് ജീവിക്കാനായാണ് അരും കൊല ആസൂത്രണം ചെയ്‌തത്.