കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഏക ദൃക്‌സാക്ഷിയായി കൊലപാതകേസിലെ പ്രതിയായ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. തങ്ങളുടെ സംഗമത്തിനു ലിജീഷും മകൾ സ്വസ്തികയും തടസ്സമാകുമെന്ന ചിന്തയിലാണ് ഇരുവരെയും ഒഴിവാക്കാൻ പ്രതികളായ നിനോമാത്യുവും അനുശന്തിയും ഈ സാഹസത്തിനു മുതിർന്നത്.
കേസ് വിസ്താരവേളയില്‍ വളരെയേറെ നിര്‍വികാരനായായിരുന്നു ലിജീഷ്. തന്റെ ചോരയില്‍ ജനിച്ച പൊന്നോമന മകളുടെ രക്തം പുരണ്ട വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും കോടതി മുറിയില്‍ വച്ചു തിരിച്ചറിഞ്ഞപ്പോള്‍ വിങ്ങലടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കൊലപാതക കേസിലെ ഏക ദൃക്‌സാക്ഷിയായ ലിജീഷിനേയും പ്രതിയായ നിനോ ആക്രമിച്ചെങ്കിലും വെട്ട് ലക്ഷ്യം തെറ്റിയതും കഴുത്തില്‍ വെട്ടേറ്റിട്ടും തലച്ചോറിലേക്കുള്ള ഞരമ്പിനു മുറിവേല്‍ക്കാതിരുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്.
2007 ഡിസംബര്‍ ആറിനായിരുന്നു അനുശാന്തിയും ലിജീഷും തമ്മിലുള്ള വിവാഹം. ഇവരുടെ ഏക മകളായ സ്വസ്തികയെയാണ് അനുശാന്തിയുടെ കാമുകനായ നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുകിയ ഈ കൊലപാതകം നടന്നത്. നിനോ മാത്യു വീട്ടിലെത്തുമ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലിജീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ലിജീഷിന്റെ സുഹൃത്താണ് താനെന്ന് നിനോ പറഞ്ഞതനുസരിച്ച് ഓമന ലിജീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിനോ നാല് വയസ്സുള്ള കുഞ്ഞിനെയും ഓമനയെയും വെട്ടിക്കൊലപ്പെടുത്തി. തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലിജീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവ സ്ഥലത്തുവച്ചു തന്നെ ലിജീഷ് നിനോവിനെ തിരിച്ചറിഞ്ഞിരുന്നു. ലിജീഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികളോട് നിനോയുടെ പേര് വിളിച്ചു പറഞ്ഞതും കേസില്‍ നിര്‍ണ്ണായകമായി.