സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് നേരേ ആക്രമണം. സരിത സഞ്ചരിച്ച കാറിനുനേരെ മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ആക്രമികള്‍ കാറിന്റെ മുന്‍ഭാഗത്തെ ഗ്ളാസ് അടിച്ചു തകര്‍ത്തു. ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ചേരാനെല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു സരിത.
കോതാട് ഭാഗത്തുവച്ച് സരിതയുടെ കാര്‍ ടാറ്റാ സുമോയിലെത്തിയ നാലംഗ സംഘം തടഞ്ഞു നിറുത്തി. കാറില്‍നിന്ന് ഇറങ്ങിയ ഒരാള്‍ സരിത ഇരുന്ന ഭാഗത്തെ ഡോര്‍ വലിച്ചു തുറക്കാന്‍ ശ്രമിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍ സരിത പൊലീസില്‍ വിവരമറിയിച്ചു.
ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനി, ആലുവ ഡിവൈഎസ്പി. സനല്‍കുമാര്‍, പറവൂര്‍ സിഐ വിജയന്‍ എന്നിവര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. സരിതയെ പിന്നീട് വരാപ്പുഴ സ്റ്റേഷനിലെത്തിച്ചു. സരിതയുടെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ കേസെടുത്തു. അക്രമിസംഘത്തെ കണ്ടാല്‍ തിരിച്ചറിയില്ലെന്ന് സരിത പൊലീസിന് മൊഴി നല്‍കി.