എടിഎം ഹൈടെക് മോഷണം: തട്ടിപ്പിനെ കുറിച്ച് ബാങ്കും പൊലീസും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യം

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (11:46 IST)
തിരുവനന്തപുരത്തെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച് നടന്ന ഹൈടെക് മോഷണത്തില്‍ പൊലീസും ബാങ്കും പുറത്തുവിട്ട വിവരങ്ങളില്‍ വൈരുദ്ധ്യം. പൊലീസും ബാങ്കും പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ 30 വൈകിട്ട് ആറുമണിക്കാണ് എടിഎം കൗണ്ടറില്‍ മോഷ്ടാക്കള്‍ സ്‌കിമ്മര്‍ സ്ഥാപിച്ചത്. പിന്നീട് ജൂലൈ 9 വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. 
 
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും പിടിയിലായ മോഷ്ടാക്കളിലൊരാളായ ഗബ്രിയേല്‍ മരിയ കഴിഞ്ഞ ദിവസം ഉപയോഗിച്ച് എടിഎം അരുണ്‍ എന്ന വ്യക്തിയുടേത് ആയിരുന്നു. അരുണ്‍ തട്ടിപ്പ് നടന്ന ആല്‍ത്തറയിലെ എടിഎം കൗണ്ടറില്‍ നിന്നും ഏറ്റവും അവസാനം പണം പിന്‍വലിച്ചത് മെയ് 31നാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ പൊലീസും ബാങ്കും പറയുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായി ജൂണ്‍ മാസത്തിനു മുമ്പെ സമാന രീതിയില്‍ മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ മറ്റ് എടിഎം കേന്ദ്രീകരിച്ചും ഇവര്‍ തട്ടിപ്പ് തുടര്‍ന്നിട്ടുണ്ടെന്നും അനുമാനിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. 
 
അരുണിന്റെ അക്കൗണ്ട് ഉപയോഗിച്ച് മുംബൈയില്‍ നിന്നും പണം പിന്‍വലിച്ചപ്പോഴാണ് ഗബ്രിയേല്‍ അറസ്റ്റിലായത്. മെയ് 32 ന് അവസാനം പണം പിന്‍വലിച്ച അരുണിന്റെ എടിഎം വിവരങ്ങള്‍ എങ്ങനെ ഇവര്‍ക്ക് ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുകയാണ്. എന്നാല്‍ തലസ്ഥാനത്തെ മറ്റേതെങ്കിലും എടിഎമ്മില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 20 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്‌കിമ്മറാണ് ആല്‍ത്തറയിലെ എടിഎം കൗണ്ടറില്‍ മോഷ്ടാക്കള്‍ സ്ഥാപിച്ചത്. സമാന രീതിയില്‍ മറ്റ് എടിഎം കൗണ്ടറുകളിലും സ്‌കിമ്മര്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 
Next Article