നേരത്തെ നല്ല സൗഹൃദത്തിലാണ്, പാര്‍ട്ടി പ്രവര്‍ത്തനം പരസ്പരം മനസിലാക്കാന്‍ സഹായിച്ചു, വീട്ടുകാരോട് പറഞ്ഞത് പരസ്പരം സംസാരിച്ച ശേഷം: ആര്യ രാജേന്ദ്രന്‍

ബുധന്‍, 16 ഫെബ്രുവരി 2022 (14:54 IST)
എംഎല്‍എ സച്ചിന്‍ ദേവുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനിച്ച ശേഷമാണ് വീട്ടുകാരെ കാര്യം അറിയിച്ചതെന്ന് ആര്യ പറഞ്ഞു. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പഠനം നടക്കുകയാണെന്നും ആര്യ വ്യക്തമാക്കി. 
 
ഏറെ കാലമായി സുഹൃത്തുക്കളായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തനം പരസ്പരം അറിയാന്‍ സഹായിച്ചു. പരസ്പരം സംസാരിച്ചതിനു ശേഷം കുടുംബക്കാരേയും പാര്‍ട്ടിയേയും അറിയിക്കുകയായിരുന്നു. ഒരേ രാഷ്ട്രീയത്തില്‍പ്പെട്ട ആളുകളായതുകൊണ്ടാണ് പരിചയക്കാരായതും സുഹൃത്തുക്കളായതും. വിവാഹം ഉടനെ ഉണ്ടാവില്ല. കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും നിര്‍ദേശം അനുസരിച്ച് ഉചിതമായ സമയത്തായിരിക്കും വിവാഹം. വിവാഹം അല്ലല്ലോ അവസാന വാക്കെന്നും ആര്യ പറഞ്ഞു. 
 
ബാലുശേരി എംഎല്‍എ കെ.എം.സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ജീവിതത്തില്‍ ഒന്നിക്കുന്നത് ഏറെ വര്‍ഷത്തെ അടുപ്പത്തിനു ശേഷമാണ്. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം.നന്ദകുമാര്‍ പറഞ്ഞു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് ഇരുവരും അടുപ്പത്തിലാകുകയും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍