അരുവിക്കര: നെഞ്ചിടിപ്പോടെ കേരള രാഷ്ട്രീയം, ഫലമറിയാന്‍ നിമിഷങ്ങള്‍ മാത്രം
ചൊവ്വ, 30 ജൂണ്‍ 2015 (07:35 IST)
കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യസൂചനകളെത്തും. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.
കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം. വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. ആദ്യം റിട്ടേണിങ് ഓഫിസറുടെ മേശയിൽ തപാൽ വോട്ടുകൾ മാത്രം എണ്ണും. തുടർന്ന് എട്ടു പഞ്ചായത്തിലെ 153 ബൂത്തുകളിൽ നിന്നുളള യന്ത്രങ്ങളിലെ വോട്ട് 14 മേശകളിലായി ഓരോ റൗണ്ടായി എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 14 ബൂത്തുകൾ. 11–മത് റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും.
മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 45,000 മുതൽ 52,000 വരെ വോട്ടുകൾ സ്വന്തമാക്കി വിജയിക്കാനാകുമെന്നാണ് യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ കണക്കു കൂട്ടൽ. 41,000 വോട്ട് നേടുമെന്ന് ബിജെപിയും പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പാസ് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കയറാനാകൂ. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയാ റൂം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഇവിടെനിന്ന് ലഭിക്കും. പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കേ മീഡിയാറൂമില്‍ പ്രവേശിക്കാനാകൂ.