വരവുണ്ടെങ്കിലല്ലേ ചെലവുണ്ടാകൂ, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല; വി എസിന്റെ മകൻ അരുൺ കുമാറിന് എതിരായ ഒരു കേസ് വിജിലൻസ് അവസാനിപ്പിച്ചു

വെള്ളി, 21 ഒക്‌ടോബര്‍ 2016 (07:51 IST)
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെതിരായ ഒരു കേസ് വിജിലൻസ് അവസാനിപ്പിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ അന്വേഷണമാണ് വിജിലൻസ് അവസാനിപ്പിച്ചത്. സ്വത്ത് സമ്പാദനവുമായി ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്.
 
സ്പെഷൽ സെൽ എസ്പിയുടെ റിപ്പോർട്ട് അംഗീകരിച്ച വിജിലൻസ് ഡയറക്ടർ ഇക്കാര്യം ഉടൻ സർക്കാരിനെ അറിയിക്കും. വി എസ് മുഖ്യമന്ത്രിയായിരിക്കെ അരുൺ നടത്തിയ വിദേശയാത്രകളെ ആസ്ഥാനമാക്കിയായിരുന്നു പിന്നീട് വന്ന യു ഡി എഫ് സർക്കാർ അരുണിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.   
 
വിദേശയാത്രകൾ നടത്തിയത് സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതതാണെന്നും തനിക്കു കാര്യമായ ചെലവുണ്ടായില്ലെന്നുമുള്ള അരുണിന്റെ വിശദീകരണം അംഗീകരിച്ചാണു കേസ് അവസാനിപ്പിച്ചത്. വർവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നായിരുന്നുഅരുണിനെതിരെ ഉയർന്നിരുന്ന ആരോപണം. വരവുണ്ടെങ്കിലല്ലേ ചെലവുണ്ടാകൂ എന്ന അരുണിന്റെ ചോദ്യത്തിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ വിജിലൻസ് അതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക