ചിന്നക്കനാലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ ആരോഗ്യാവസ്ഥ സുരക്ഷിതമെന്ന് വനംവകുപ്പ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്‍ വിഹരിക്കുന്നത്. തമിഴ്‌നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയില്‍ ഉള്‍പ്പെടുന്ന കോതയാര്‍ വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞു.
കാട്ടില്‍ കുടുംബമായാണ് അരിക്കൊമ്പന്‍ താമസിക്കുന്നത്. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനംമേഖല. അതേസമയം ആന കേരളത്തിലെ വനംമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത വനംവകുപ്പ് തള്ളിക്കളയുന്നില്ല.