തലശേരി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എപി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ തുപ്പിയെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍. അബ്ദുള്ളക്കുട്ടിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദേഹത്ത് മുറുക്കി തുപ്പുകയും അസഭ്യംപറയുകയും ചെയ്‌തുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പ്രസ്‌താവനയുമായി ഷംസീര്‍ രംഗത്തെത്തിയത്.
വ്യാജ പ്രചാരണങ്ങളിലൂടെ മാധ്യമശ്രദ്ധ നേടാനാണ് അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന അബ്ദുള്ളക്കുട്ടിക്ക് കൂടെ പോകാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയതെന്നും ഷംസീര്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 5.40ന് വടക്കുമ്പാട് മടത്തുംഭാഗത്താണ് അബ്ദുള്ളക്കുട്ടിക്കു നേരേ അക്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുള്ളക്കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൈയില്‍ കടന്നു പിടിക്കുകയും കഴുത്തിനു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നും സംഘത്തില്‍ ഒരാള്‍ അബ്ദുള്ളക്കുട്ടിയുടെ ദേഹത്തേക്കു പാന്‍പരാഗ് ചവച്ചു തുപ്പിയെന്നും കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌തുവെന്നുമാണ് ആരോപണം.