പാലക്കാട് അപകടമുണ്ടായവരെ കൊണ്ടുപോയ ആംബുലൻസ് മീൻ ലോറിയിലിടിച്ച് എട്ട് മരണം

ഞായര്‍, 9 ജൂണ്‍ 2019 (16:49 IST)
പാലക്കാട്ടെ തണ്ണിശ്ശേരിയില്‍ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന എട്ടു പേരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഷൊർണൂർ വാടാനാംകുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷാഫി, ഉമർ ഫാറൂഖ്, സുധീര്‍ എന്നിവരാണു മരിച്ചത്. ആംബുലൻസ് ഡ്രൈവറായിരുന്നു സുധീർ. മറ്റു രണ്ടു പേരുടെ വിവരം ലഭിച്ചിട്ടില്ല. എട്ട് പേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

നെല്ലിയാമ്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മീൻ കയറ്റിയ ലോറി ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആംബുലൻസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

വിനോദസഞ്ചാരത്തിനായി എത്തിയ പട്ടാമ്പി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ വാഹനം ഇന്ന് ഉച്ചയോടെ നെല്ലിയാമ്പതിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് ഇവരെ നെന്മാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റുകളില്ലെങ്കിലും തുടർ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇതിനായി നെല്ലിയാമ്പതിയിൽ നിന്നും ചില ബന്ധുക്കളുമെത്തിയിരുന്നു. ഇവരും പരിക്കേറ്റവർക്കൊപ്പം ആംബുലൻസിൽ കയറി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ മിനിലോറി ആംബുലൻസിനെ ഇടിച്ചുതെറിപ്പിച്ചത്. ഇരുവാഹനങ്ങളും നേർക്ക് നേർ ഇടിച്ചു കയറി. അപകടത്തിൽ ആംബുലൻസിന്റെ എഞ്ചിൻ വരെ തകർന്ന നിലയിലാണ്. ലോറിയുടെ മുൻഭാഗവും ഏതാണ്ട് തകർന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍