പശ്‌ചിമ ബംഗാളിൽ തൃണമൂൽ - ബിജെപി സംഘർഷം, വെടിവയ്‌പ്; അഞ്ച്പേർ കൊല്ലപ്പെട്ടു
ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപി സംഘർഷം മൂർച്ഛിക്കുന്നു. ശനിയാഴ്ച രാത്രിയോടെ നോർത്ത് 24 പർഗാന ജില്ലയിലെ നയ്ജാതിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
നാല്ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ്പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പൊതുസ്ഥലത്തുനിന്നും പാർട്ടി പതാകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണ് സംഘർഷമായി മാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബാഷിർഹട്ട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ടതാണ് സംഘർഷമുണ്ടായ പ്രദേശം.
നിരവധി പ്രവർത്തകരെ കാണാതായിട്ടുണ്ടെന്ന് ബിജെപി ബംഗാൾ ഘടകം അറിയിച്ചു. സംഘടിച്ചെത്തിയ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്നാണ് ബിജെപി ആരോപണം. എന്നാൽ, പ്രവർത്തകർ നടത്തിയ ബൂത്ത്ലെവൽ മീറ്റിങ്ങിനിടെ ബിജെപി പ്രവർത്തകർ സംഘർഷമുണ്ടാക്കുകയായിരുന്നു എന്നാണ്തൃണമൂൽ ആരോപണം.