ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) മരിച്ചു. മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയിൽ ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് കാരണം. സ്ഥിതി വഷളായതിനേത്തുടര്‍ന്ന് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കർശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസവും ബാധിച്ചതിനെതുടർന്നാണ് കാരിത്താസിലെത്തിയത്. അണുബാധയിൽ ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവർത്തനം നിലയ്‌ക്കുകയായിരുന്നു. കാരിത്താസിൽ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോ ജോണി ജോസഫ്, ഡോ രാജേഷ് രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അമ്പിളിയെ പരിശോധിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അമ്പിളിയുടെ ശസ്‌ത്രക്രിയ നടത്തിയത്. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്‌ക്കു ശേഷം കഴിഞ്ഞ മാസമാണ് അമ്പിളിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്‌തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്‌തമായ അണുബാധയാണു ഇപ്പോള്‍ നില വഷളാകാന്‍ കാരണം. ശസ്‌ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ ശമിപ്പിച്ചിരുന്നു.