പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്കുകള്‍ വഴി നല്‍കും; മുട്ടയ്ക്ക് അഞ്ചുരൂപ, ചെറിയ പക്ഷിക്ക് 100രൂപ

ശ്രീനു എസ്
ബുധന്‍, 6 ജനുവരി 2021 (18:22 IST)
ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പക്ഷിപ്പനിയില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര അവലോകന യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും അറുപത് ദിവസത്തില്‍ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. 
 
ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ജില്ലയില്‍ ഇതുവരെയുള്ള കള്ളിംഗ് ജോലികള്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി പറഞ്ഞു. 37656 പക്ഷികളെയാണ് ഇതുവരെ ജില്ലയില്‍ കള്ളിംഗിലൂടെ നശിപ്പിച്ചത്. നേരത്തെ 23857 പക്ഷികള്‍ ജില്ലയില്‍ ചത്തു. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ 61513 പക്ഷികളെയാണ് നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ജില്ലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 
 
കള്ളിംഗ് നടത്തിയ സ്ഥലങ്ങളിലെ സാനിറ്റേഷന്‍ ജോലികള്‍ നാളെ കൊണ്ട് പൂര്‍ത്തിയാക്കും. കേന്ദ്ര മാനദണ്ഡ പ്രകാരം പക്ഷിപ്പനി കണ്ടെത്തിയ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കിയത്. താറാവിനെ മാത്രമല്ല, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കോഴികള്‍, അലങ്കാര- വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പടെയുള്ളവയെ കള്ളിംഗിലൂടെ നശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 
 
ദേശാടനപക്ഷികള്‍ ചത്തു വീഴുന്നുണ്ടോയെന്ന് നിരീക്ഷണം നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ചുതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തിയാല്‍  സാമ്പിളുകള്‍ എടുക്കും. സമാന സ്വഭാവത്തില്‍ മറ്റെവിടെയെങ്കിലും പക്ഷികള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കാന്‍ ജില്ല മൃഗ സംരക്ഷണ ഓഫീസെ ചുമതലപ്പെടുത്തി. കള്ളിംഗും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരാഴ്ച കൂടി നിരീക്ഷണം തുടരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article