സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍.
ബിജെപി നേതാവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ കണ്ണുകെട്ടി ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
നേരത്തെയും വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗങ്ങളുമായി അലന്‍സിയര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംവിധായകന്‍ കമലിനെതിരെ ബിജെപി നടത്തിയ പ്രസ്‌താവനയും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യത്തിനുമെതിരെ
ഏകാംഗനാടകം കളിച്ചാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്.
മൂന്നാറിലെ പൊമ്പിളൈ ഒരുമയെ മന്ത്രി എംഎം മണി അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിനെതിരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സരിചുറ്റി കൂളിംഗ് ഗ്ലാസുമായി എത്തിയാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്.
കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാമെന്നും പാണ്ഡെ പറഞ്ഞിരുന്നു.