തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കഴക്കൂട്ടത്തെ പ്രശസ്തമായ അൽ-സാജ്, തക്കാരം എന്നീ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
അൽസാജ് ഹോട്ടലിനു വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം കഴക്കൂട്ടത്തെ തക്കാരം ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ പന്ത്രണ്ട് കിലോ കോഴി ഇറച്ചി, ആറ് കിലോ മറ്റു ആഹാര സാധനങ്ങൾ എന്നിവയും പിടിച്ചെടുത്തു. ഈ രണ്ട് ഹോട്ടലുകൾക്കും ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി.
നഗരസഭാ മേയറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും എന്നാണു അറിയുന്നത്.